Wednesday, April 11, 2007

ദൈവമേ.. കഞ്ചാവ്..!

കഥ കേള്‍ക്കാ‍നും സ്വപ്നം കാണാനും തുടങ്ങിയ കാലത്തെന്നോ മനസ്സില്‍ കയറിക്കൂടിയതാണു ഹിമാ‍ലയം. പ്രായത്തിനൊപ്പം, മനസ്സില്‍ ഹിമവാനും വളര്‍ന്നുവന്നു. പഠനമൊക്കെ കഴിഞ്ഞ് ചുറ്റിയടി തുടങ്ങി പലയിടത്തും പോയിട്ടും ഹിമാലയം മാത്രം സ്വപ്നമായി തന്നെ നിന്നു. രാജന്‍ കാക്കനാടന്റെ ‘ ഹിമവാന്റെ മുകള്‍‍ത്തട്ടില്‍’ പലവുരു വായിച്ച്കൊതിച്ചു. ഒറ്റക്കു പുറപ്പെട്ടുപോയി, മലകയറി മറിഞ്ഞെത്തിയവരുടെ വിവരണങ്ങള്‍ക്കുമുന്നില്‍ വായും പൊളിച്ചിരുന്നു. ആ പറഞ്ഞതിലിത്തിരി നുണയില്ലേയെന്നു മനസ്സില്‍ കുശുമ്പു കൊണ്ടു. മഞ്ഞുമൂടിയ മലനിരകളും ചെറു കല്ലുകള്‍ കൊണ്ട് മേഞ്ഞ കുഞ്ഞു വീടുകളും ടൂറിസ്റ്റുകള്‍ക്കു മാത്രമായി തുറന്നിരിക്കുന്ന കടകളും അതിനകത്തെരിയുന്ന ചെറിയ അടുപ്പിനു ചുറ്റും കട്ടിക്കമ്പിളി പുതച്ചു കൂനിക്കൂടിയിരിക്കുന്ന പാവങ്ങളുമെല്ലാം സ്വപ്നത്തില്‍ വന്നുപോയി. ‘ചില‘ ത്തില്‍ നിന്നുയരുന്ന കഞ്ചാവു പുകയുടെ സുഗന്ധം എനിക്കും കിട്ടുന്നുണ്ടെന്നു തോന്നി.
അങ്ങിനെയിരിക്കെ ഒരു ദിവസം മലപ്പുറത്തുനിന്നു ദിനേശന്റെ വിളി.
‘ടാ നമ്മള്‍ ഹിമാലയത്തില്‍പോകുന്നു,
ദെല്‍ഹിക്കുള്ള നിന്റെ ടിക്കറ്റു ഞാന്‍ ബുക്കു ചെയ്തിട്ടുണ്ട് വേഗം ലീവുകൊടുത്തോ.’
ഒന്നു ഞെട്ടിയെങ്കിലും രണ്ടാമതൊന്നാലോചിക്കാതെ നേരെ പോയി ന്യൂസ് എഡിറ്റര്‍ക്ക് ലീവ് കൊടുത്തു. എന്തു കാര്യത്തിനും ഉടക്കിടുന്ന പതിവുണ്ടെങ്കിലും ഒന്നും മിണ്ടാതെ അങ്ങേരു ലീവും തന്നു. ഇനിയിപ്പം പോകാതെ വയ്യ. ഫോട്ടോഗ്രാഫര്‍ പ്രദീപിനോട് ചുമ്മാതൊന്നു പറഞ്ഞതാ പോവുന്ന കാര്യം. അവനും വന്നേ പറ്റൂ. അങ്ങനെ ഒട്ടും ഓര്‍‌ക്കാതിതിരുന്ന നേരത്ത് ആ സ്വപ്ന യാത്രക്കു തുടക്കമായി.
‘മംഗള’ സന്ധ്യയാകുമ്പോഴാണു കണ്ണൂരിലെത്തുക. സ്റ്റേഷനില്‍ എത്തും മുമ്പുതന്നെ ദിനേശനെ വിളിച്ചു..
‘ഡാ.. സ്മാള്‍ വല്ലോം വാങ്ങണോ.. അതോ നിന്റടുത്തുണ്ടോ..”
‘സ്മാളും ലാര്‍ജും ഒന്നും വേണ്ട.. കള്ളു കുടിക്കനാണേല്‍ ഇവിടെയിരുന്നാ പോരേ.. നിങ്ങളു കേറ്” ഫോണില്‍ അവന്റെ അലര്‍ച്ച.
കള്ളെന്നു കേട്ടാ കമിഴ്ന്നു വീഴുന്ന ഇവനിതെന്നാ പറ്റി.? സന്യസിക്കാനാണോ ഇവനെ ഹിമാലയത്തിലോട്ടു കെട്ടിയെടുക്കുന്നത്..
വണ്ടീ‍ല്‍ കയറിയപ്പോളാണറിഞ്ഞത് അവന്‍ ഒറ്റക്കല്ല, രണ്ടു ചങ്ങാതിമാരുമുണ്ട്. അവരുപക്ഷേ ഹിമാലയത്തിലേക്കല്ല, സിം‌ലക്കു പോകുന്നു. മൂന്നുപേരും പരമ സന്തോഷത്തില്‍. നല്ല വര്‍ത്താനോം ചിരീം. കള്ളിന്റെ പോയിട്ട് സോഡായുടെ മണം പോലുമില്ല.
ഇത്രക്കു ഡീസന്റു ചങ്ങാതിമാരുണ്ടോ ഇവന്..? ഇവരു കാരണം ഇവനും നന്നായോ..?
എന്നാലും എവിടെയോ ഒരു കുഴപ്പം. ചിരിയിലും വര്‍ത്തമാനത്തിലും ഒക്കെ ഒരു ഏനക്കേട്. ഏറെക്കഴിയും മുമ്പ് കൂട്ടുകാരിലൊരുവന്‍ എണീറ്റ് ടോയ് ലെറ്റിനു നേരെനടന്നു. ‘വാടാ’ന്നു വിളിച്ചു ദിനേശനും അവനു പുറകെ ഞങ്ങളും. കക്കൂസുകള്‍ക്കടുത്തുള്ള ഇടനഴിയില്‍ ആരുമില്ല. കൂട്ടുകാരന്‍ ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് സിഗരറ്റ് പാക്കറ്റെടുത്തു തുറന്നു. സിഗരറ്റിനു പകരം നിറയെ തടിയന്‍ ബീഡികള്‍. ഒരു മിനിറ്റ്.. ഉള്ളൊന്ന് ആളി..
ദൈവമേ.. കഞ്ചാവ്.

3 comments:

സഖാവ് said...

രാജന്‍ കാക്കനാടന്‍ ‘ ഹിമവാന്റെ മുകള്‍‍ത്തട്ട് കണ്ടു മഹാന്‍
രാജന്‍ കാക്കനാടന്‍ കഞ്ചാവ് വലിച്ചു...മഹാന്‍
‍സ്വപ്നജീവി ആദ്യം കഞ്ചാവ് വലിച്ചു...പിന്നെ ഹിമവാനെ കണ്ടു...സ്വപ്നജീവിയും മഹാന്‍
ആഹാ എന്തെളുപ്പം

e said...

ചരസുവിനെ മറന്നത് ശരിയായില്ല.

പാതിരാമഴ said...

അല്ല സ്വന്തമായി വേണമായിരുന്നുവൊ ഈ പരീക്ഷണം?