Wednesday, April 11, 2007

തടിയന്‍ സ്വാമിയും ദിനേശന്റെ ധൈര്യവും

അമ്പല മുറ്റത്തെ പേരറിയാത്ത വന്‍‌മരം തറ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. മുറ്റത്തും, തൊട്ടുതാഴെ ഒഴുകുന്ന ഭാഗീരഥിയിലേക്കിറങ്ങാനുള്ള പടവുകളിലുമായി സ്വാമിമാരും സന്ദര്‍‌ശകരും പോക്കു വെയില്‍ കാഞ്ഞിരിക്കുന്നു.
മരത്തറയില്‍ സിദ്ധി കൂടിയ മാതിരി എല്ലാം മറന്നിരിക്കുന്ന ഒരു തടിയന്‍ താടിക്കാരനെ ചൂണ്ടി ദിനേശന്‍ പറഞ്ഞു.
‘അയാളെ മുട്ടിയാല്‍ സാധനം കിട്ടും..!’
എനിക്കെന്തോ ഒരു വിശ്വാസക്കേട്. വല്ല നാട്ടീന്നും വന്ന് ഈ മലമോളീന്ന് സന്യാസിമാരുടെ അടീം വാങ്ങി പോകേണ്ടി വരുമോ. ഉത്തര കാശിയാണു സ്ഥലം. കാശി എന്നു കേട്ടിട്ടുണ്ടാകുമെങ്കിലും ഉത്തര കാശീന്ന് വീട്ടുകാരു കേട്ടിട്ടുണ്ടാകില്ല. ഇവിടെ കിടന്നു ചത്താ നാട്ടില്‍ വിവരം പോലും കിട്ടില്ല. മുഴുവന്‍ സമയവും ഭക്തീം പ്രാര്‍‌ഥനേം ആയി കഴിയുന്ന സ്വാമിയോട് ഇങ്ങനത്തെ കാര്യമൊക്കെ ചോദിക്കാന്‍ കൊള്ളാവോ..? പത്തോ പതിനഞ്ചോ രൂപ ചോദിക്കാം, വിശന്നിട്ടാ.. ചായ കുടിക്കാനാ, എന്നു പറയാം. കടന്ന കൈക്ക് വേണമെങ്കില്‍ സ്വമീടെ ശിഷ്യനായി കൂട്ടുമോന്നും ചോദിക്കാം. അതുപോലാണൊ നേരെ പോയി
‘സ്വാമീ, കഞ്ചാവുണ്ടോ കുറച്ചെടുക്കാന്‍’ എന്നു ചോദിക്കുന്നത്..?
‘വേണ്ടിഷ്ടാ.. വിട്, നമ്മക്കു വല്ല പെട്ടിക്കടക്കാരോടും ചോദിക്കാം’ ഞാന്‍ ഒഴിയാന്‍ നോക്കി.
‘പിന്നെ, പെട്ടിക്കടേല്‍ നിനക്കു കഞ്ചാവും വെച്ചോണ്ടിരിക്കുവല്ലേ.., വേണോന്ന് ഇപ്പ തീരുമാനിക്ക്. ഇവിടെ കള്ളും ചാരായോം ഒന്നു കിട്ടൂല്ലാന്ന് അറിയാല്ലോ, കുറേക്കൂടി മുകളിലേക്കു ചെന്നാ തണുപ്പ് പിടിച്ചാ കിട്ടില്ല. അന്നേരം പിന്നെ എന്നെ പറയരുത്.’ പതിനഞ്ചു തവണ ഹിമാലയം കയറി ഇറങ്ങിയ ടെന്‍‌സിംഗിന്റെ ഗമയില്‍ ദിനേശന്‍ പറഞ്ഞു.
എന്താ വേണ്ടേന്നൊരു തീരുമാനമെടുക്കന്‍ കഴിയാതെ ഞാന്‍ വിദഗ്ധോപദേശത്തിനായി പ്രദീപന്‍ നിന്നിരുന്നിടത്തേക്ക് നോക്കി. പുഴയൊരത്തെ പാറയില്‍ പത്മാസനതിലിരിക്കുന്ന മദാമ്മയെ ക്യാമറയില്‍ കയറ്റാനുള്ള പണിയിലാണ് അവന്‍.
എന്നെ നോക്കി ഒന്നു വിസ്തരിച്ച് ചിരിച്ച് ദിനേശന്‍ സ്വാമിയുടെ നേരെ നടന്നു. ശരിയല്ലാത്തതെന്തോ നടക്കന്‍ പോകുന്നൂന്ന് ഉള്ളിലിരുന്നരോ വിളിച്ചു പറയുന്നതുപോലെ തോന്നിയപ്പോള്‍ ‍ പതിയെ അടുത്ത് തന്നെയുള്ള മരത്തിന്റെ മറവിലെക്കു മാറി. ഞാന്‍ ഈ നാട്ടുകാരനേ അല്ല എന്ന മട്ടില്‍ സ്വമിയിരിക്കുന്ന ഭാഗത്തേക്കു ഒളിഞ്ഞു നോക്കി. ശപിക്കാന്‍ കയ്യുയര്‍‌ത്തി നില്‍ക്കുന്ന സ്വാമിയേയും സ്വാമിയുടെ കാലില്‍ കെട്ടിപ്പിടിച്ചു കരയുന്ന ദിനേശനെയും കാണാന്‍ ഉള്ളിന്റെ ഉള്ളില്‍ കൊതിച്ച ഞാന്‍ ഞെട്ടി.
അടുത്തിരിക്കുന്ന ദിനേശന്റെ തോളില്‍ കൈ വെച്ച് ചിരിച്ചു കൊണ്ട് സംസാരിക്കുന്ന സ്വാമി. ദിനേശന്റെ മുഖത്തും ചിരി. എനിക്കു സംഭവം പിടികിട്ടി. എന്നെ പറ്റിക്കാനുള്ള പരിപാടിയാണ്. ‘സ്വമിയോട് ചോദിച്ചു, പുള്ളീക്കാരന്റെ കയ്യില്‍ സാധനമില്ല.’ എന്നു പറഞ്ഞു തടിയൂരാനാണ് ഇവന്റെ പരിപാടി. അയാളോടു കഞ്ചാവ് ചോദിക്കനുള്ള ധൈര്യമൊന്നും അവനില്ല. ഞങ്ങടെ മുന്‍പില്‍ ആളാകാനുള്ള പരിപാടിയിട്ട്താ. ഇന്നു പൊളിച്ചടുക്കണം‌ ഇവന്റെ തട്ടിപ്പ് - ഞാന്‍ മനസ്സില്‍ കരുതി. കഷ്ടി അഞ്ചു മിനിട്ട് ആയിക്കാണും സ്വാമി എഴുന്നേറ്റ് അമ്പലത്തിന്റെ സൈഡിലേക്കു നടന്നു. പാര്‍‌ക്കില്‍ കാറ്റ് കൊള്ളാന്‍ ഇരിക്കും പോലെ കാലും ആട്ടി ദിനേശന്‍ എന്റെ നേരെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു.
പോയ പോലെ സ്വാമി തിരിച്ചെത്തി. ഇത്തിരി നേരം കൂടി സംസാരിച്ച് ദിനേശനെ ഷേക് ഹാന്‍‌ഡ് നല്‍‌കി യാത്രയാക്കി. ദിനേശന്‍ എന്തോ പറയുന്നതും സ്വാമി ചിരിച്ചുകൊണ്ട് വിലക്കുന്നതും കണ്ടു. എന്റെ നേരെ ഒന്ന് നോക്കി ദിനേശന്‍ നേരെ റോഡിലേക്ക് നടന്നു. ഒറ്റ കുതിപ്പിന് ഒപ്പമെത്തിയ ഞാന്‍ ചോദിച്ചു.
‘ ന്താടാ.. കിട്ടിയോ’..?
‘കഞ്ചാവു കിട്ടീല്ല’
‘പിന്നെ...?’
‘ചരസ്സു കിട്ടി’
‘ചരസ്സോ..? സ്വാമി എന്താ പറഞ്ഞേ.. വഴക്കു പറഞ്ഞോ..?’
‘ഓ.. ഒന്നുപദേശിച്ചു’
‘തെളിച്ച് പറയെടാ’
‘കേരളത്തീന്ന് വന്നിട്ട് ഇവിടത്തെ ഉണക്കച്ചപ്പ് പുകക്കണോ.. ബെസ്റ്റ് സാധനം നാട്ടില്‍ കിട്ടൂല്ലോ.. അവിടുന്ന് കൊണ്ടുവന്നാ പോരാരുന്നൊ.. ഒരു വഴിക്കിറങ്ങുമ്പം ഒരു കരുതലൊക്കെ വേണ്ടേന്നു ചോദിച്ചു.’ - ദിനേശന്‍ ചിരിച്ചു.. ഒരു ജേതാവിന്റെ ചിരി.

1 comment:

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com